വളാഞ്ചേരി നഗരസഭ കൗൺസിലർ പ്രതിയായ പോക്‌സോ കേസിൽ മധ്യസ്ഥശ്രമം നടത്തിയതായി പരാതി

വളാഞ്ചേരി നഗരസഭ കൗൺസിലർ പ്രതിയായ പോക്‌സോ കേസിൽ മധ്യസ്ഥ ശ്രമം നടത്തിയതായി ചൈൽഡ് ലൈന്റെ പരാതി. പ്രതിയിൽ നിന്ന് പണം വാങ്ങി പെൺകുട്ടിയുടെ മൊഴി മാറ്റാനാണ് ശ്രമം നടക്കുന്നത്. കേസ് അട്ടിമറിച്ചേക്കുമെന്ന ചൈൽഡ് ലൈൻ പരാതി നില നിൽക്കെയും കുട്ടിയെ സിഡബ്ലുസി കുടുംബത്തോടൊപ്പം വിട്ടു.
തിരൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് മധ്യസ്ഥർ ചമഞ്ഞ് പ്രതിയിൽ നിന്നും ഇരയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയ്ക്ക് മേൽ സമ്മർദമുണ്ടെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നുവെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിഡബ്ലുസി ചെയർമാൻ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി ഡിവൈഎസ്പിക്ക് കൈമാറുകയും ചെയ്തു. സമ്മർദമുണ്ടെന്നും വളാഞ്ചേരി പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
വളാഞ്ചേരി നഗരസഭ സഭ ഇടത് കൗൺസിലർ ഷംസുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 29 ന് പരിഗണിക്കാനിരിക്കെയാണ് സഹോദരിയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമം നടക്കുന്നത്. അതേസമയം മൊഴി മാറ്റാൻ ബന്ധുക്കളിൽ നിന്ന് തന്നെ സമ്മർദമുണ്ടെന്ന് വ്യക്തമായിട്ടും സിഡബ്ലുസി ചെയർമാൻ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത് രാഷ്ട്രീയ സമ്മർദം കൊണ്ടാണെന്നും ആരോപണമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here