സുരക്ഷാ വലയം ഭേദിച്ച് വനിതാ നേതാവടക്കം അകത്തുകടന്നു; സെക്രട്ടേറിയറ്റിനുള്ളിൽ കെഎസ്‌യു പ്രതിഷേധം

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ സുരക്ഷാവലയം ഭേദിച്ച് വനിതാ നേതാവടക്കം അകത്തു കടന്നു. സെക്രട്ടേറിയറ്റിന്റെ മതിൽ ചാടി അകത്തു കടന്ന പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ കെ എസ് യു പതാകയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്തേക്ക് ഓടിക്കയറിയ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ശിൽപയെ വഴിയിൽ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും വഴിയിൽ നിരന്ന് നിന്ന് ശിൽപ അകത്തേക്ക് കടക്കുന്നത് തടയുകയായിരുന്നു. ഇതിനിടെ അകത്തേക്കുള്ള ഗ്രില്ലും പൂട്ടി.
Read Also; കേരള സർവകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം; വി.സി യെ തടഞ്ഞു
തുടർന്ന് ഏറെ നേരം ഇവിടെ നിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ശിൽപയെ പിന്നീട് വനിതാ പൊലീസെത്തിയാണ് സ്ഥലത്തു നിന്നും മാറ്റിയത്. യൂണിവേഴ്‌സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തുന്ന നിരാഹാരസമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. ഇതിനിടെയാണ് കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിൽ കടന്ന് പ്രതിഷേധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here