കേരള സർവകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം; വി.സി യെ തടഞ്ഞു

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിൽ കർശന നടപടിയാവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്ത് കെഎസ്‌യുവിന്റെ പ്രതിഷേധം. പ്രതിഷേധ പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസിനെ മറികടന്ന് സർവകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്ന് കെഎസ്‌യു പ്രവർത്തകർ വി.സിയെ ഉപരോധിച്ചു. ഉപരോധത്തിനിടെ കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ പ്രവർത്തകരിൽ ചിലർ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
ഇവരെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്ത് നീക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുക, പരീക്ഷാ ക്രമക്കേടിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുക, പ്രിൻസിപ്പലിനെ പുറത്താക്കുക, കോളേജിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്‌യു സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here