സാജന്റെ ആത്മഹത്യ; നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ. നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.
കൺവെൻഷൻ സെന്റർ നിർമാണത്തിൽ സാജന് വീഴ്ച പറ്റി. അംഗീകൃത ബിൽഡിംഗ് പെർമിറ്റിന് വിരുദ്ധമായാണ് നിർമാണം നടന്നത്. നിർമാണത്തിൽ വീഴ്ച കണ്ടെത്തിയിരുന്നു. അക്കാരണത്താലാണ് പെർമിറ്റ് നൽകാതിരുന്നത്. വിജിലൻസിന്റെ സംയുക്ത പരിശോധനയിലും വീഴ്ച കണ്ടെത്തിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
ആന്തൂർ ആത്മഹത്യ വിവാദത്തിൽ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി ഭരണപക്ഷത്തു നിന്നും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പി കെ ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയിൽ സർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here