ഹജ്ജ് തീര്‍ഥാടകര്‍ എത്തുന്നതോടെ സൗദിയുടെ പടിഞ്ഞാറന്‍ മേഘലകളില്‍ സന്ദര്‍ശക വിസക്ക് വിലക്ക്

സൗദിയില്‍ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതോടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ നാല് എയര്‍പോര്‍ട്ടുകളില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആഗസ്ത് 12 വരെ വിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളിലാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹജ്ജ് തീര്‍ഥാടകരുടെ വരവോടെ വന്‍ തിരക്കാണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ എയര്‍പോര്‍ട്ടുകളില്‍ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
സൗദിയിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തി ആഭ്യന്തര വിമാനത്താവളങ്ങള്‍ വഴി പടിഞ്ഞാറന്‍ പ്രവിശ്യയിലെത്തുന്നതിന് വിലക്കില്ല. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് ഹജ്ജ് അനുമതിപത്രം ആവശ്യമാണ്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സന്ദര്‍ശക വിസയിലുളളവര്‍ക്ക് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നേരത്തെ ടിക്കറ്റെടുത്തവരെ ബാധിച്ചിട്ടുണ്ട്. ഫാമിലി, ബിസിനസ് സന്ദര്‍ശന വിസ സ്റ്റാമ്പ് ചെയ്തവര്‍ കാലാവധി തീരുന്നതിന് മുമ്പ് സൗദിയിലെത്തണം. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ മറ്റു എയര്‍പോര്‍ട്ടുകളെ ആശ്രയിക്കേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here