Advertisement

കശ്മീര്‍ ഭീകരാക്രമണം: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങും

April 22, 2025
Google News 3 minutes Read
PM Modi cuts short Saudi Arabia visit, to return to India

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ശക്തമായ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ തന്റെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് ജിദ്ദയിലെത്തിയിരുന്നത്. സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായുള്ള വിശദമായ ചര്‍ച്ചകള്‍ ഒഴിവാക്കിയാണ് പ്രധാനമന്ത്രി മടങ്ങാനിരിക്കുന്നത്. സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നു. സൗദി- ഇന്ത്യ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോദിയുടെ നിര്‍ണായകമായ സൗദി സന്ദര്‍ശനം. ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി സൗദിയില്‍ നിന്ന് എക്‌സ് വഴി പ്രതികരണമറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കശ്മീരിലെത്തിയിരുന്നു. ( PM Modi cuts short Saudi Arabia visit, to return to India)

ഭീകരാക്രമണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭീകരാക്രമണത്താല്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. അങ്ങേയറ്റം നീചമായ ഈ കൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അവരെ വെറുതെ വിടുകയില്ല. അവരുടെ പൈശാചികമായ അജണ്ട ഒരിക്കലും ജയിക്കില്ല. ഭീകരവാദത്തിനെതിരായ നമ്മുടെ പ്രതിരോധത്തിന് ഇളക്കംതട്ടുകയില്ല. അത് കൂടുതല്‍ ശക്തമാകുകയേയുള്ളൂ. മോദി എക്‌സില്‍ കുറിച്ചു.

Read Also: പഹല്‍ഗാം ഭീകരാക്രമണം: 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു.

Story Highlights : PM Modi cuts short Saudi Arabia visit, to return to India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here