Advertisement

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

July 18, 2019
Google News 1 minute Read

സംസ്ഥാനത്ത് നാളെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 18, 19, 20 തീയതികളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മല്‍സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 18 ന് ഇടുക്കിയിലും മലപ്പുറത്തും 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ മാസം 17 ന് ഇടുക്കി, 18 ന് കോട്ടയം 19 ന് എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉണ്ട്.

സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. കേരള തീരത്തേക്ക് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതുകൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here