സച്ചിൻ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. മുൻ ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന കാതറിൻ ഫിറ്റ്സ്പാട്രിക്ക് എന്നിവരെയും സച്ചിനൊപ്പം ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.

ലോക ക്രിക്കറ്റിൽ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി 2009 ജനുവരിയിലാണ് ഐസിസി ഹാൾ ഓഫ് ഫെയിം ഏർപ്പെടുത്തിയത്. ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, കപിൽ ദേവ്, ബിഷൻ സിങ് ബേദി, സുനിൽ ഗാവസ്കർ എന്നിവരാണ് സച്ചിനു മുൻപ് ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച ഇന്ത്യക്കാർ.

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാനായി സർ ഡൊണാൾഡ് ബ്രാഡ്മാനൊപ്പം പരിഗണിക്കപ്പെടുന്ന താരമാണ് സച്ചിൻ. വിവിധ ഫോർമാറ്റുകളിലായി 100 സെഞ്ചുറിയും 34,357 റൺസും സച്ചിന്റെ പേരിലുണ്ട്. 2013ലാണ് സച്ചിൻ പാഡഴിക്കുന്നത്. ലോകം കണ്ട ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് അൻപത്തിരണ്ടുകാരനായ അലൻ ഡൊണാൾഡ്. ടെസ്റ്റിൽ 330 വിക്കറ്റുകളും ഏകദിനത്തിൽ 272 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2003ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു.

വനിതാ ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരിയാണ് ഓസീസ് താരം കാതറീൻ ഫിറ്റ്സ്പാട്രിക്. ഏകദിനത്തിൽ 180, ടെസ്റ്റിൽ 60 എന്നിങ്ങനെയാണ് ഫിറ്റ്സ്പാട്രിക്കിന്റെ വിക്കറ്റ് നേട്ടം. പരിശീലകയെന്ന നിലയിൽ ഓസ്ട്രേലിയയെ മൂന്നു തവണ ലോകകപ്പ് വിജയത്തിലേക്കു നയിച്ചതും ഫിറ്റ്സ്പാട്രിക്കിന്റെ നേട്ടങ്ങളിൽ പെടുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More