ചർച്ച ഫലം കണ്ടില്ല; എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം തുടരുന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം തുടരുന്നു. സമരം നടത്തുന്ന വൈദികരുടെ പ്രതിനിധികളുമായി സ്ഥിരം സിനഡ് പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. സഭയുടെ സ്ഥിരം സിനഡ് നിയോഗിക്കുന്ന മധ്യസ്ഥരുമായി ചർച്ച തുടരാനാണ് വൈദികരുടെ തീരുമാനം.

വ്യാജരേഖാക്കേസിലടക്കം ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നാണ് സമരം ചെയ്യുന്ന വൈദികരുടെ നിലപാട്. ഇന്നലെ വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധികളായ മെത്രാന്മാർ 5 മണിക്കൂറാണ് ചർച്ച നടത്തിയത്. എറണാകുളം ബിഷപ്പ് ഹൗസിൽ സമരം ചെയ്യുന്ന വൈദികരെ പ്രതിനിധീകരിച്ച് 9 വൈദികരാണ് ചർച്ചയിൽ പങ്കെടുത്തത്. സ്ഥിരം സിനഡ് പ്രതിനിധികളായ 4 മെത്രാന്മാരാണ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്. വ്യാജരേഖാക്കേസ് പിൻവലിക്കണം, മാർ ജോർജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിയണം തുടങ്ങിയവയാണ് സമരം ചെയ്യുന്ന വൈദികരുടെ പ്രധാന ആവശ്യങ്ങൾ.

എറണാകുളം അങ്കമാലി അതിരൂപതയിൽ അസാധാരണ സാഹചര്യം ഉടലെടുത്തതോടെയാണ് സ്ഥിരം സിനഡ് സമവായ ചർച്ച നടത്തിയത്. ചർച്ചയ്ക്ക് ശേഷം ഇരുവിഭാഗവും പ്രതികരിക്കാതെ മടങ്ങി. അതിനിടെ രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ വിശ്വാസികൾ ഇടപെടുമെന്ന് കർദിനാൾ പക്ഷ അൽമായ നേതാക്കൾ പറഞ്ഞു. സ്ഥിരം സിനഡിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top