‘ഇത് അനാവശ്യ വിവാദം, ധോണി ഉടൻ വിരമിക്കില്ല’; വ്യക്തമാക്കി സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം നൽകുകയാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ. ധോണി ഉടൻ വിരമിക്കില്ലെന്നാണ് അരുൺ പാണ്ഡേ നൽകുന്ന വിവരം.
ധോണിക്ക് ക്രിക്കറ്റിൽനിന്നും വിരമിക്കാനുള്ള പദ്ധതിയില്ലെന്ന് അരുൺ പാണ്ഡേ പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്നത് അനാവശ്യ വിവാദമാണ്. ചിലർ ധോണിയുടെ വിരമിക്കൽ ചർച്ച ചെയ്യുന്നതിന് ലോകകപ്പ് തീരാൻ കാത്തിരുന്നതുപോലെ തോന്നുന്നുവെന്നും പാണ്ഡെ പറഞ്ഞു.

ധോണിക്കൊപ്പം അരുൺ പാണ്ഡെ
ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇങ്ങനെ ചർച്ച ചെയ്യുന്നത് നമുക്കു തന്നെയാണ് നാണക്കേട്. നൂറു ശതമാനം നൽകാനാകില്ലെന്ന് തിരിച്ചറിയുന്ന അന്ന് മറ്റാരും പറയാതെ തന്നെ അദ്ദേഹം കളി നിർത്തും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 2014ൽ അദ്ദേഹം ടെസ്റ്റ് നിർത്തിയത്. അനാവശ്യമായി ധോണി തന്റെ കരിയർ വലിച്ചുനീട്ടുമെന്ന് പ്രതീക്ഷിക്കരുതെന്നും പാണ്ഡെ പറഞ്ഞു.
ഇരുപത് വർഷത്തിലേറെയായി ധോണിയുമായി അടുപ്പമുള്ള ആളാണ് അരുൺ പാണ്ഡെ. ധോണിക്ക് നിക്ഷേപമുള്ള റിതി സ്‌പോർസിന്റെ തലപ്പത്തുള്ള ആൾ കൂടിയാണ് അരുൺ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here