ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുമ്പോള്‍ വിയോജിപ്പ് അറിയിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രാബല്യത്തില്‍: സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുമ്പോള്‍ വിയോജിപ്പ് അറിയിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പ്രാബല്യത്തില്‍ വന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നേരത്തെ അല്‍ ഖസിം പ്രവിശ്യയില്‍ മാത്രമായിരുന്നു സേവനം ലഭ്യമായിരുന്നത്.

സാഹിര്‍ എന്ന പേരില്‍ ട്രാഫിക് നിരീക്ഷണ ക്യാമറകളാണ് ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തുന്നത്. നിയമ ലംഘനത്തിന്റെ ചിത്രം ഡ്രൈവര്‍ക്ക് പരിശോധിക്കുന്നതിനും അനുമതിയുണ്ട്. എന്നാല്‍ സാഹിര്‍ കാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ അപാകതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് വിയോജിപ്പ് ഓണ്‍ലൈനില്‍ അറിയിക്കാന്‍ സൗകര്യം ഒരുക്കിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ ഖസിം പ്രവിശ്യയില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമാണ്. ഇതോടെയാണ് രാജ്യത്ത് മുഴുവന്‍ പദ്ധതി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് നിര്‍ദേശം നല്‍കിയത്.  ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ വഴി വിയോജിപ്പ് രേഖപ്പെടുത്താനാണ് സൗകര്യം ഒരുക്കിയിട്ടുളളത്. പദ്ധതി ഈ വര്‍ഷം അവസാനം നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതോടെ സേവനം നേരത്തെ ആരംഭിക്കുകയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top