ഫൈനലിലെ ഓവർത്രോ റൺസ് നൽകിയതിൽ പിഴവു പറ്റിയെന്നു സമ്മതിച്ച് അമ്പയർ കുമാർ ധർമസേന

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ആറു റൺസ് ഓവർ ത്രോ നൽകിയതിൽ പിഴവു പറ്റിയെന്നു സമ്മതിച്ച് മത്സരം നിയന്ത്രിച്ച അമ്പയർ കുമാർ ധർമസേന. പിന്നീട് മത്സരം ടെലിവിഷനിൽ കണ്ടപ്പോഴാണ് പിഴവു മനസ്സിലായതെന്നും തെറ്റു പറ്റിയെന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“പിന്നീട് ടെലിവിഷൻ റീപ്ലേകൾ കണ്ടപ്പോൾ തീരുമാനത്തിൽ പിഴവുണ്ടായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഗ്രൗണ്ടിൽ ഇത്തരം റീപ്ലേകൾ ലഭിക്കില്ല. അതുകൊണ്ട് തന്നെ എടുത്ത തീരുമാനത്തിൽ പശ്ചാത്താപമില്ല. തന്നെയുമല്ല, ലെഗ് അമ്പയർ ഇറാസ്മസിനോട് വാക്കി ടോക്കിയിലൂടെ സംസാരിച്ചതിനു ശേഷമാണ് ഞാൻ ആറ് റൺസ് നൽകിയത്. മാച്ച് റഫറിയും തേർഡ് അമ്പയറും ഈ സംഭാഷണം കേൾക്കുകയും ചെയ്തു. അപ്പോൾ റീപ്ലേ പരിശോധിക്കാൻ സാധിക്കാത്തതിനാൽ എല്ലാവരും ബാറ്റ്സ്മാന്മാർ ക്രോസ് ചെയ്തു എന്ന് കരുതി. അങ്ങനെയാണ് ആറു റൺസ് അനുവദിച്ചത്”- കുമാർ ധർമസേന പറഞ്ഞു.
ഫൈനൽ റിസൽട്ടിൽ വളരെ നിർണ്ണായകമായ ഒന്നായിരുന്നു ഇംഗ്ലണ്ടിനു ലഭിച്ച ആറു റൺസ് ഓവർ ത്രോ. ബെൻസ് സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്റ്റിൽ ഫീൽഡ് ചെയ്ത് എറിഞ്ഞ ത്രോ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതിന് അമ്പയർമാർ ഇംഗ്ലണ്ടിനു നൽകിയത് ആറു റൺസായിരുന്നു. എന്നാൽ ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസായിരുന്നുവെന്നും മുൻ അമ്പയർ സൈമൺ ടോഫൽ പറഞ്ഞു. തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here