കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍

പാര്‍ട്ടിയെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍ക്കിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് ഏറ്റുമുട്ടലിലേക്ക്. സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കണമെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചതിന് പിന്നാലെ പിജെ ജോസഫും നിലപാട് കടുപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ വിപ്പ് നല്‍കേണ്ടത് പാര്‍ട്ടി ചെയര്‍മാനാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി.
മുന്‍ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി കൈമാറാനായി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി രാജി സമര്‍പ്പിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ജോസ് കെ മാണി വിഭാഗം പ്രസിഡന്റ് പദവിയിലേക്ക് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ നിര്‍ദ്ദേശിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് യുഡിഎഫിന് കത്ത് നല്‍കിയത്. പിന്നാലെയാണ് സാങ്കേതികത്വം ഉപയോഗിച്ച് പിടി മുറുക്കാന്‍ പിജെ ജോസഫ് രംഗത്തെത്തുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കേണ്ടത് ചെയര്‍മാനാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി കോടതി സ്റ്റേ ചെയ്തതും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിപ്പും ചിഹ്നവും നല്‍കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാര്‍ക്ക് നല്‍കിയ അധികാരം തിരിച്ചെടുത്തതായി പിജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇരുപത്തിനാലിന് തെരഞ്ഞെടുപ്പ് നടന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് കോടതിയെ സമീപിച്ചേക്കും. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്തതിനാല്‍ പ്രതിസന്ധിയില്ലെന്ന് ജില്ലാ യുഡിഎഫ് നേതൃത്വവും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here