സഞ്ജു ഇല്ല; മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും ടീമിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓഗസ്റ്റ് ആദ്യ വാരം മുതൽ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസൺ പരിഗണിക്കപ്പെട്ടില്ല. ധോണി സ്വയം പിന്മാറിയതിനൊപ്പം ഹർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. അതേ സമയം, ടെസ്റ്റ് മത്സരങ്ങളിൽ ബുംറ കളിക്കും. മൂന്ന് ഫോർമാറ്റുകളിലും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. ടെസ്റ്റിൽ വൃദ്ധിമാൻ സാഹ റിസർവ് കീപ്പറാകും.

മൂന്ന് വീതം ഏകദിനങ്ങളും ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ റിസർവ് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്, ഓൾറൗണ്ടർ വിജയ് ശങ്കർ, ശങ്കറിനു പരിക്കേറ്റപ്പോൾ പരിഗണിക്കപെട്ട മായങ്ക് അഗർവാൾ എന്നിവരൊന്നും വിൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിൽ ഇടം നേടിയില്ല. പരിക്കേറ്റ് പുറത്തായിരുന്ന ശിഖർ ധവാൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേ സമയം, ലോകേഷ് രാഹുൽ, രവീന്ദ്ര ജഡേജ, കേദർ ജാദവ് തുടങ്ങിയവർ ടീമിൽ ഇടം കണ്ടെത്തി. ശ്രേയാസ് അയ്യർ, മനീഷ് പാണ്ഡെ, ഖലീൽ അഹ്മദ്, നവ്ദീപ് സെയ്നി എന്നിവരും ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങും.

ടി-20 സ്ക്വാഡിൽ ശ്രേയാസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവർക്കൊപ്പം കൃണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹാർ, ദീപക് ചഹാർ എന്നീ യുവതാരങ്ങൾ കളിക്കും. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, മുഹമ്മദ് ഷമി, കേദാർ ജാദവ് എന്നിവരാണ് ടി-20യിൽ പുറത്തിരിക്കുക. ടെസ്റ്റ് ടീമിൽ കുൽദീപ് യാദവും ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും ഇടം പിടിച്ചു. മായങ്ക് അഗർവാൾ, ഹനുമ വിഹാരി എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തി. ആർ അശ്വിനും ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top