മഹാരാജാസ് മുതല്‍ കടവന്ത്ര വരെയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം

മഹാരാജാസ് മുതല്‍ കടവന്ത്ര വരെയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം. കൊച്ചി മെട്രോയിലെയും ഡിഎംആര്‍സിയിലെയും ഇലക്ട്രിക്കല്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഈ പരീക്ഷണ ഓട്ടത്തില്‍ പങ്കെടുത്തത്. കാന്റീ ലിവര്‍ പാലത്തിന്റെ മധ്യഭാഗം വരെയുള്ള 1.3 കിലോമീറ്റര്‍ ദൂരത്തില്‍ പരീക്ഷണ ഓട്ടം ഇന്നത്തേക്ക് അവസാനിപ്പിച്ചു .

മഹാരാജാസ് മെട്രോ സ്റ്റേഷന്‍ മുതല്‍ തൈക്കുടം വരെയുള്ള സ്‌ട്രെച്ചിന്റെ ട്രൈല്‍ റണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തുടങ്ങി തൈക്കുടം വരെ 5 സ്റ്റേഷനുകളാണ് ഉള്ളത്. സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്‍പുള്ള പ്രാരംഭ വര്‍ക്കുകളുടെ ഭാഗമായാണ് പരീക്ഷണ ഓട്ടം. കോച്ചുകളില്‍ യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി മണല്‍ച്ചാക്ക് നിറച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്.

ഇത് വരും ദിവസങ്ങളിലും തുടരും. 90 മീറ്റര്‍ നീളമുള്ള കാന്റീ ലിവര്‍പാലത്തിന്റെ പകുതി വരെയുള്ള ഭാഗത്ത് ഇന്ന് ട്രൈല്‍ റണ്‍ നടത്തി. 3 ദിവസം കാന്റീ ലിവര്‍ പാലത്തില്‍ മാത്രം പരീക്ഷണ ഓട്ടവും പരിശോധനയും നടത്തും. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് ആദ്യ പരീക്ഷണ ഓട്ടങ്ങള്‍. ശേഷം ഘട്ടം ഘട്ടമായി വേഗത വര്‍ധിപ്പിച്ചും കൂടുതല്‍ ദൂരത്തിലേക്കും പരീക്ഷണ ഓട്ടം നടത്തും. റെയിലിന്റെ കാര്യക്ഷമത ഉള്‍പ്പടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. റെയിലുകളുടെ പണി പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം റെയിലുകള്‍ വൈദ്യുതീകരിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളുടെ പണിയും അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ തൈക്കുടം വരെ മെട്രോ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ അറിയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top