ചിലന്തിയെ പേടിച്ച് ‘ഇല്ലം’ ചുട്ടു; യുവതിക്കെതിരെ കേസ്

എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന പഴഞ്ചൊല്ല് നമുക്ക് സുപരിചിതമാണ്. എന്നാൽ ചിലന്തിയെ പേടിച്ച് ഇല്ലം ചുട്ടാലോ? ഇപ്പോഴിതാ ചിലന്തിയെ പേടിച്ച് വീടിനു തീയിട്ട യുവതിക്കെതിരെ കേസ് എടുത്തിരിക്കുകയാണ് യുഎസ് പോലീസ്. ഒരു വലിയ ചിലന്തിയെ കണ്ട് പേടിച്ച് വീടിനു തീയിട്ട യുവതിക്കെതിരെയാണ് കേസ്.
അമേരിക്കയിലെ മിസോറിയിലാണ് സംഭവം. മിസോറിയിലെ കൻസാസ് സിറ്റിയിൽ താമസിക്കുന്ന അലക്സിയ ബെറി ആണ് ചിലന്തിയെ പേടിച്ച് വീടിനു തീയിട്ടത്. വീട് അഗ്നിക്കിരയാകുന്നത് കണ്ട ഒരു അയൽവാസി പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസെത്തി തീയണച്ചു. വീടിനു താൻ സ്വയം തീയിട്ടതാണെന്നു സമ്മതിച്ച ബെറിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ പൊലീസിനു മറ്റു ചില കഥകളാണ് പറയാനുണ്ടായിരുന്നത്. ഈ വീട്ടിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കുന്നുണ്ടെന്നായിരുന്നു പൊലീസ് ഭാഷ്യം. അയൽവാസികളും പൊലീസിൻ്റെ നിഗമനം ശരി വെച്ചു. കൻസാസ് സിറ്റിയിലെ ഏറ്റവും അപകടം പിടിച്ച വീടുകളിൽ ഈ വീടും ഉണ്ടായിരുന്നു. അധികാരികൾ രണ്ടു വട്ടം ഇതിലെ താമസക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്തായാലും ബെറി വീട് തീയിട്ട കേസിൽ അറസ്റ്റിലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here