തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദിച്ച സംഭവം; പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു

വയനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. 21 ന് രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് സജീവാനന്ദ് എന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദമ്പതികളെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ച് തമിഴ്‌നാട് സ്വദേശികളായ യുവതിയേയും യുവാവിനെയും സജീവാനന്ദന്‍ എന്ന പ്രദേശിക കോണ്‍ഗ്രസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്. മര്‍ദനമേറ്റവരെയും സജീവാനന്ദിനെയും നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും യുവാവും യുവതിയും പരാതി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് കേസെടുക്കാതെ പ്രതിയെ വിട്ടയക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു .വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

അമ്പലവയല്‍ സ്വദേശി തന്നെയായ പ്രതി സജീവാനന്ദിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. മര്‍ദനമേറ്റ യുവാവും യുവതിയും എവിടെ ആണെന്നതിനെ കുറിച്ചും ഇതു വരെ വ്യക്തതയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top