തോക്ക് കൈവശം വെക്കുന്നതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്

തോക്ക് കൈവശം വെക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ലൈസന്‍സ് സംബന്ധമായ കാര്യങ്ങളിലാണ് സര്‍ക്കാര്‍ പിടിമുറുക്കിയത്. മാര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ കൂട്ടക്കൊലപാതകത്തെ തുടര്‍ന്നാണ് നടപടി.

തോക്ക് കൈവശം വക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ തീരുമാനം. തോക്കുടമകളും വില്‍പ്പനക്കാരും തോക്കിന്റെ ലൈസന്‍സ് 5 വര്‍ഷത്തില്‍ പുതുക്കണം, വിദേശികള്‍ക്ക് ന്യൂസിലന്‍ഡില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല തുടങ്ങിയ നിബന്ധനകളാണ് ആയുധ കൈവശ നിയമത്തിന്‍ മേല്‍ വരുത്തിയിരിക്കുന്ന പുതിയ ഭേദഗതികള്‍. കൂടാതെ തോക്കിന്റെ സീരിയല്‍ നമ്പര്‍ ലൈസന്‍സ് ഉടമസ്ഥരുമായി ബന്ധിപ്പിക്കാനും തീരുമാനമായി. നിയമങ്ങളിലൂടെ ആയുധങ്ങള്‍ തെറ്റായ കരങ്ങളിലേക്കെത്തുന്നത് തടയാനാണ് പുതിയ നീക്കമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡന്‍ പറഞ്ഞു.

മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തോക്ക് കൈവശം വയ്ക്കുന്നത് സംബന്ധിച്ച നിയമത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ നടപ്പാക്കിയത് നിയന്ത്രണങ്ങളുടെ രണ്ടാം ഭാഗമാണ്. ആദ്യ ഘട്ടത്തില്‍ അര്‍ധ ഓട്ടോമാറ്റിക് മിലിട്ടറി സ്‌റ്റൈല്‍ തോക്കുകള്‍ നിരോധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top