നെയ്മർ റയലിലേക്കും ബെയിൽ പിഎസ്ജിയിലേക്കും; ബാഴ്സയെ മറികടന്ന് റയൽ നെയ്മറെ റാഞ്ചുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയിലേക്കു തിരികെ വരുമോയെന്നതായിരുന്നു ഫുട്‌ബോള്‍ ലോകത്ത്‌ കഴിഞ്ഞാഴ്‌ച വരെ സംസാര വിഷയം. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കാര്യങ്ങള്‍ അപ്പാടെ തകിടം മറിഞ്ഞിരിക്കുകയാണ്‌. നെയ്‌മറില്‍ ഒരു കണ്ണുണ്ടായിരുന്ന ബാഴ്‌സലോണയുടെ ചിരവൈരികളായ റയാല്‍ മാഡ്രിഡ്‌ ബ്രസീല്‍ താരത്തിനു വേണ്ടി മികച്ച ഒരിരയെ കൊരുത്ത ചൂണ്ടയാണ്‌ പാരീസിലേക്ക്‌ ഇട്ടിരിക്കുന്നത്‌.

ക്ലബില്‍ നിന്ന്‌ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്ന വെയ്‌ല്‍സ്‌ താരം ഗാരെത്‌ ബെയ്‌ലിനെ കൊരുത്താണ്‌ റയാല്‍ ചൂണ്ടയെറിഞ്ഞത്‌. അതില്‍ ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്‍ കൃത്യമായി കൊത്തിയെന്നാണ്‌ സൂചന. പണത്തിനൊപ്പം ബെയ്‌ലിനെയും നല്‍കിയാല്‍ നെയ്‌മറിനെ വിട്ടുനല്‍കാന്‍ ഒരുക്കമാണെന്നു പി.എസ്‌.ജി. റയാല്‍ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്‌ളോറന്റിനോ പെരസിനെ അറിയിച്ചെന്നു സ്‌പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ബെയ്‌ല്‍ റയാലില്‍ നിന്നും നെയ്‌മര്‍ പി.എസ്‌.ജിയില്‍ നിന്നും വിടുതല്‍ നേടാന്‍ വെമ്പിനില്‍ക്കുകയാണ്‌. ഇരുവരെയും പരസ്‌പരം കൈമാറാനാണ്‌ നീക്കം. ബെയ്‌ല്‍ ഉടന്‍ ക്ലബ്‌ വിട്ടുപോകുമെന്നു റയാല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു.

റയാല്‍ വിടുകയാണെന്നു വ്യക്‌തമാക്കിയ ബെയ്‌ല്‍ ടോട്ടനം ഹോട്‌സ്പറിലേക്കാണ്‌ ലക്ഷ്യം വച്ചത്‌. എന്നാല്‍ ബെയ്‌ലിനെ സൈന്‍ ചെയ്യാന്‍ സാധ്യതയില്ലെന്നു സ്‌പര്‍സിന്റെ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ ഇന്നലെ വ്യക്‌തമാക്കി.

ഈ സീസണില്‍ പി.എസ്‌.ജി. വിടുമെന്നു പറഞ്ഞ നെയ്‌മര്‍ മുന്‍ ക്ലബായ ബാഴ്‌സലോണയിലേക്കു ചേക്കേറുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ നെയ്‌മറിനെ വിട്ടുനല്‍കാന്‍ പി.എസ്‌.ജി. ആവശ്യപ്പെട്ട തുക നല്‍കാന്‍ ബാഴ്‌സ വിസമ്മതം പ്രകടിപ്പിച്ചതാണ്‌ ട്രാന്‍സ്‌ഫര്‍ വൈകാന്‍ കാരണമായത്‌. കൂടാതെ ബാഴ്‌സലോണയില്‍ നിന്നു പാരീസിലേക്കു പോയതിനു പിന്നാലെ ക്ലബ്‌ മാനേജ്‌മെന്റുമായി തെറ്റി പരസ്‌പരം നല്‍കിയ കേസുകള്‍ സ്‌പാനിഷ്‌ കോടതിയില്‍ നിലനില്‍ക്കുന്നതും നെയ്‌മറിന്റെ തിരിച്ചുവരവിന്‌ തിരിച്ചടിയായിരുന്നു.

എന്നാല്‍ ബാഴ്‌സ ഇപ്പോഴും നെയ്‌മറിന്റെ കാര്യത്തില്‍ പ്രതീക്ഷ വിട്ടിട്ടില്ലെന്നും താരത്തിനു റയാലിനേക്കാള്‍ ബാഴ്‌സയിലേക്കു വരാനാണു താല്‍പര്യമെന്നും ഇന്നലെ ഏതാനും സ്‌പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പക്ഷേ ഇതു സംബന്ധിച്ചൊന്നും പ്രതികരിക്കാന്‍ നെയ്‌മര്‍ കൂട്ടാക്കിയിട്ടില്ല. റയാലിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ രണ്ടാഴ്‌ചയായി അങ്ങനെ ചിലതും കേള്‍ക്കുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top