Advertisement

പത്ത് ദിവസം ശിശുഭവനിൽ കെയർ ടേക്കർ; കുട്ടികളോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് കളക്ടറുടെ ശിക്ഷ

July 24, 2019
Google News 0 minutes Read

വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് മാതൃകാപരമായ ശിക്ഷ നൽകി മലപ്പുറം ജില്ലാ കളക്ടർ. പത്ത് ദിവസം ശിശുഭവനിൽ കേയർ ടേക്കാറായി ജോലി നോക്കാനാണ് കണ്ടക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം. മഞ്ചേരി പരപ്പനങ്ങാടിയിലായിരുന്നു സംഭവം. വിദ്യാർഥി കലക്ടർ ജാഫർ മലിക്കിന് നൽകിയ പരാതിയിൽ ആർടിഒ അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷം കലക്ടറാണ് കണ്ടക്ടറെ നല്ലനടപ്പിനു വിട്ടത്. മന്ത്രി കെ ടി ജലീലിന്റെ നിർദേശ പ്രകാരമാണ് കുട്ടി കളക്ടർക്ക് പരാതി നൽകിയത്.

നാളെ രാവിലെ ഒൻപത് മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പ്രസ്തുത കാലയളവിൽ ശിശുഭവൻ സൂപ്രണ്ടിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണെന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാർത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ മലപ്പുറം ആർ.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആർ.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിൻറെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here