ജസ്റ്റിസ് ചിദംബരേഷിന്റേത് തെറ്റായ സന്ദേശമെന്ന് മന്ത്രി എ.കെ ബാലൻ

ജാതിസംവരണ വിഷയത്തിൽ ഹൈക്കോടതി ജഡ്ജി വി.ചിദംബരേഷ് നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് മന്ത്രി എ.കെ ബാലൻ. സാധാരണ നിലയിൽ ഒരു ജഡ്ജിയിൽ നിന്ന് വരാൻ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക. അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് പുറത്തു വന്നത്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് വരുമ്പോൾ ഈ മാനസികാവസ്ഥയിലാവും പ്രതികരണം വരികയെന്നും മന്ത്രി ബാലൻ പറഞ്ഞു.
ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണർ ശബ്ദമുയർത്തണമെന്നായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷിന്റെ വിവാദ പ്രസ്താവന. ജാതിസംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണെന്നും ഭരണഘടനാ പദവി വഹിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജസ്റ്റിസ് പറഞ്ഞിരുന്നു. ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു ജസ്റ്റിസ് ചിദംബരേഷിന്റെ പരാമർശം. എല്ലാ സദ്ഗുണങ്ങളും ഒത്തു ചേരുന്നവരാണ് ബ്രാഹ്മണരെന്നും സമുദായത്തെ പാർശ്വവത്കരിക്കാൻ അനുവദിക്കരുതെന്നും ചിദംബരേഷ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here