തൃശൂരിൽ റിട്ടയേർഡ് അധ്യാപകനെ മർദിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ

തൃശൂർ എളവള്ളിയിൽ റിട്ടയേർഡ് അധ്യാപകനെ മർദിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. പരിസരവാസികളായ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ പ്രകാശൻ (56), പ്രമോദ് (53), പ്രണവ് (23), അടിയാറെ വീട്ടിൽ രാജു (ഷിജു-49), ഷാരുൺ (19), അഭിജിത്ത് (23) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് റിട്ടയേർഡ് അധ്യാപകനായ സുഗുണനെ പത്തോളം പേർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ സുഗുണന്റെ കൈ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ സുഗുണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം കണ്ടുനിന്നവരിലൊരാൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരച്ചിരുന്നു.
സുഗുണന് നേർക്ക് പത്തോളം പേർ സംഘം ചേർന്ന് ആക്രോശിക്കുന്നതും ഇതിൽ ചിലർ ക്രൂരമായി മർദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. പലവട്ടം മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്. കൂട്ടത്തിലൊരാൾ പ്രായം പോലും പരിഗണിക്കാതെ ഇദ്ദേഹത്തെ അടിച്ചു നിലത്തു വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here