ഗില്ലിനെയും രഹാനയെയും തഴഞ്ഞതിനെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ശുഭ്മൻ ഗില്ലിനെയും അജിങ്ക്യ രഹാനയെയും ഒഴിവാക്കിയതിനെതിരെയാണ് ഗാംഗുലി രംഗത്തു വന്നത്. എല്ലാവരെയും സന്തോഷിപ്പിക്കുന്നതിലുപരി രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുക്കണമെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു.

“എല്ലാ സീരീസിലും താളവും ആത്മവിശ്വാസവുമുള്ള ഒരേ കളിക്കാരെ തിരഞ്ഞെടുക്കാനുള്ള സമയം ഇന്ത്യൻ സെലക്ടർമാർക്ക് വന്നിരിക്കുകയാണ്. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നവർ വളരെ അപൂർവമാണ്. മികച്ച ടീമുകൾക്ക് സ്ഥിരതയുള്ള കളിക്കാർ ഉണ്ടായിരിക്കും. എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതല്ല, രാജ്യത്തിനു വേണ്ടി മികച്ച കളിക്കാരെ തിരഞ്ഞെടുക്കുക എന്നതും സ്ഥിരതയുണ്ടാവുക എന്നതുമാണ് കാര്യം. മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിയുന്ന ഒട്ടേറെ താരങ്ങളുണ്ട്. ശുഭ്മൻ ഗിൽ, അജിങ്ക്യ രഹാനെ എന്നിവരെ ഏകദിന സ്ക്വാഡിൽ കാണാത്തത് അത്ഭുതമുണ്ടാക്കി”- ഗാംഗുലി പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഓഗസ്റ്റ് ആദ്യ വാരം മുതൽ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചത്. ടീമിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസൺ പരിഗണിക്കപ്പെട്ടില്ല. ധോണി സ്വയം പിന്മാറിയതിനൊപ്പം ഹർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. അതേ സമയം, ടെസ്റ്റ് മത്സരങ്ങളിൽ ബുംറ കളിക്കും. മൂന്ന് ഫോർമാറ്റുകളിലും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. ടെസ്റ്റിൽ വൃദ്ധിമാൻ സാഹ റിസർവ് കീപ്പറാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top