കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്ന സാഹചര്യത്തില്‍ സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അപ്രസക്തം

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അപ്രസക്തമായി. വോട്ടെടുപ്പിന്റെ വിവരം സ്പീക്കര്‍ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും നിയമപ്പോരാട്ടം തുടരുമെന്നാണ് സൂചന.
കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍, അഭിഭാഷകനായ അഭിഷേക് സിംഗ്വി മുഖേന സുപ്രീംകോടതിയെ അറിയിക്കും. കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തിയതും അറിയിച്ചേക്കും. ഇതോടെ, വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി കലഹരണപ്പെട്ടെന്ന് വിലയിരുത്തി കേസ് അവസാനിപ്പിക്കാനാണ് സാധ്യത. സ്വതന്ത്ര എം.എല്‍.എമാരായ എച്ച്. നാഗേഷും ആര്‍ ശങ്കറും സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗൊയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അതേസമയം, വിമത എംഎല്‍എമാരെ എങ്ങനെയും അയോഗ്യരാക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസും ജെഡിഎസും. അതിനാല്‍ തന്നെ വിപ്പ് സംബന്ധിച്ച വിധിയിലെ നിര്‍ദേശത്തില്‍ വ്യക്തതത തേടി സമര്‍പ്പിച്ച ഹര്‍ജിയുമായി ഇരു പാര്‍ട്ടികളും മുന്നോട്ടു പോകുമെന്നാണ് സൂചന.