‘സുഖമായി ജീവിക്കാമെന്ന് കരുതേണ്ട, വീട്ടിൽ മക്കളുണ്ടെന്ന് ഓർക്കുക’; ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെതിരെ പരസ്യ ഭീഷണിയുമായി എബിവിപി

തലശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെതിരെ പരസ്യ ഭീഷണിയുമായി എബിവിപി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി മനു പ്രസാദാണ് പ്രിൻസിപ്പൽ ഫൽഗുനന് നേരെ ഭീഷണിയുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയത്.
അധികാരത്തിന്റെ ഹുങ്കിൽ തങ്ങളുടെ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയിട്ട് സുഖമായി ജീവിക്കാമെന്ന് കരുതേണ്ടെന്ന് മനു പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നും പ്രിൻസിപ്പലായി ഇരിക്കില്ലെന്നും വീട്ടിൽ മക്കളുണ്ടെന്ന് ഓർക്കണമെന്നും എബിവിപി സംസ്ഥാന പ്രസിഡൻറ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ബ്രണ്ണൻ കോളജിനുള്ളിൽ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ എടുത്തമാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എബിവിപി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ചായിരുന്നു കോളേജിൽ എബിവിപി പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത്. കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചിരുന്നു. ക്യാംപസിൽ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ അരമണിക്കൂർ നേരത്തേക്ക് പ്രിൻസിപ്പൽ പരിപാടിക്ക് അനുമതി നൽകുകയും ചെയ്തു.
Read more:ബ്രണ്ണൻ കോളേജിൽ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയ സംഭവം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം
പരിപാടി കഴിഞ്ഞാൽ കൊടിമരം മാറ്റാമെന്ന് നേതാക്കൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊടിമരം മാറ്റിയില്ല. പിന്നീട് സംഘർഷ സാധ്യത ഉണ്ടായപ്പോൾ പൊലീസ് സഹായത്തോടെ പ്രിൻസിപ്പൽ കൊടിമരം നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് ആർഎസ്എസ്, എബിവിപി പ്രവർത്തകരിൽ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ രംഗത്തെത്തുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here