ബ്രണ്ണൻ കോളേജിൽ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയ സംഭവം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം

കണ്ണൂർ തലശ്ശേരിയിലെ ബ്രണ്ണൻ കോളജിനുള്ളിൽ സ്ഥാപിച്ച കൊടിമരം എടുത്തു മാറ്റിയ പ്രിൻസിപ്പലിനെതിരെ എബിവിപിയുടെ പ്രതിഷേധം. പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് എബിവിപി പ്രതിഷേധ മാർച്ച് നടത്തി. സംഘർഷം ഒഴിവാക്കാനാണ് കൊടിമരം മാറ്റിയതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
എബിവിപി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് ബ്രണ്ണൻ കോളജിൽ എബിവിപി സ്ഥാപിച്ച കൊടിമരമാണ് പൊലീസിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ എടുത്തുമാറ്റിയത്. പ്രിൻസിപ്പൽ തന്നെ കൊടിമരം മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
കൊടിമരം ക്യാംപസിന് വെളിയിൽ കളഞ്ഞത് സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് പ്രിൻസിപ്പൽ ഫൽഗുനന്റെ വിശദീകരണം. കോളേജിൽ കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവർത്തകർ സമീപിച്ചിരുന്നു. ക്യാംപസിൽ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ അരമണിക്കൂർ നേരത്തേക്ക് ഒരു പരിപാടിക്ക് വേണ്ടിയാണ് അനുമതി നൽകിയത്. അതു കഴിഞ്ഞാൽ കൊടിമരം മാറ്റാമെന്ന് നേതാക്കൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊടിമരം മാറ്റിയില്ല. പിന്നീട് സംഘർഷ സാധ്യത ഉണ്ടായപ്പോൾ പൊലീസ് സഹായത്തോടെ കൊടിമരം നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം എസ്എഫ്‌ഐയുടെ കൊടിമരം മാറ്റാതെ ഈ കൊടിമരം മാത്രം പ്രിൻസിപ്പൽ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് എബിവിപിയുടെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു പ്രതിഷേധം. യുജിസിക്ക് പരാതി നൽകുമെന്നും നിയമപരമായി നേരിടുമെന്നും എബിവിപി നേതാക്കൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here