സാജന്റെ ആത്മഹത്യക്ക് കാരണം കെട്ടിടത്തിന് അനുമതി നിഷേധിച്ചതല്ലെന്ന് നഗരസഭ ഹൈക്കോടതിയിൽ

ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം കെട്ടിടത്തിന് അനുമതി നിഷേധിച്ചതല്ലെന്ന് നഗരസഭ ഹൈക്കോടതിയിൽ. കോടതി സ്വമേധയാ എടുത്ത കേസിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആന്തൂർ നഗരസഭ ആരോപണങ്ങൾ തള്ളിക്കളഞ്ഞത്.
സാജൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് അനാസ്ഥയോ നടപടി ക്രമങ്ങളിൽ കാലതാമസമോ ഉണ്ടായിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഉദ്യോസ്ഥരുടെ ഇടപെടലുകൾ നിയമാനുസൃതം മാത്രമായിരുന്നു. കെട്ടിട ഉടമയും കെട്ടിടം രൂപ കൽപ്പന ചെയ്ത ആളുമാണ് എന്തെങ്കിലും കാല താമസമുണ്ടായെങ്കിൽ അതിന് കാരണക്കാർ. ബിൽഡിംഗ് പെർമിറ്റിന് അനുസൃതമായി കെട്ടിട നിർമാണം നടത്താൻ ഉടമയ്ക്കും നിർമാതാവിനും ഉത്തരവാദിത്തമുണ്ട്. കേസിലെ നടപടിക്രമങ്ങൾ അവസാനിപ്പിയ്ക്കണമെന്നും മറുപടി സത്യവാങ്മൂലത്തിൽ നഗരസഭ ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ സാജന്റെ സഹോദരൻ ശ്രീജിത്തിനെ കക്ഷി ചേർക്കണമെന്ന അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ശ്രീജിത്തിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസിൽ കക്ഷി ചേർക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വ്യക്തികൂടി കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹർജി അംഗീകരിച്ചില്ല. സാജന്റെ ആത്മഹത്യയെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ച് നീട്ടാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഇതുപോലൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് സ്വമേധയാ കേസ് എടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here