ഒക്ടോബര്‍ 31 ഓടെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഉപാധികളില്ലാതെ ഒക്ടോബര്‍ 31 ഓടെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് അധികാരമേറ്റതിന് പിന്നാലെ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി തെരേസാ മേയ് എലിസബത്ത് രാജ്ഞിക്ക് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണിനെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ രാജ്ഞി ക്ഷണിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉപാധികളില്ലാതെ തന്നെ ബ്രിട്ടന്‍ പുറത്തുപോകുമെന്നും എന്നാല്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുമായി പുതിയ ഉടമ്പടികളുണ്ടാക്കുമെന്നും അധികാരമേറ്റെടുത്ത് ഡൗണ്‍ സ്ട്രീറ്റ് പത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു.

താന്‍ മുഴുവന്‍ ബ്രിട്ടീഷ് ജനതയുടേയും പ്രധാനമന്ത്രിയായിരിക്കുമെന്ന് പറഞ്ഞ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും അവകാശപ്പെട്ടു. അതേസമയം താന്‍ പാര്‍ലമെന്റി ലെ ഒരംഗമായി തുടരുമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് തന്റെ പിന്‍ഗാമിക്ക് പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞു. പാര്‍ലമെന്റിലെ തന്റെ അവസാന ചോദ്യോത്തര വേളയിലാണ് തെരേസാ മേയ് നിലപാട് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top