അമ്പൂരിയിലെ കൊലപാതകം; രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം

അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. രാഖി പീഡനത്തിനിരയായെന്നും സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കും.

ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകര അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. പൂവാർ പുത്തൻകട സ്വദേശിനി രാഖി മോളാണ് കൊല്ലപ്പെട്ടത്. അമ്പൂരി തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റെ വീടിനു പുറകിലെ പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖിമോളെ കഴിഞ്ഞ മാസം 21 മുതലാണ് കാണാതാകുന്നത്. 18ാം തീയതി കൊച്ചിയിൽ നിന്നും വീട്ടിലെത്തിയ രാഖി 21ന് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. നെയ്യാറ്റിൻകരയിൽ സുഹൃത്ത് കാത്തു നിൽക്കുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.

കരസേനാ ഉദ്യോഗസ്ഥനായ അഖിൽ ആർ നായരുമായി യുവതി സൗഹൃദത്തിലായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിനിടെ കഴിഞ്ഞ മാസം അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിനെ എതിർത്തതോടെയാണ് രാഖിമോളെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനായി സഹോദരന്റെയും സുഹൃത്തിന്റെയും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top