സ്റ്റംപിൽ പന്ത് കൊണ്ടു; ബെയിൽ ഉയർന്നു വീണത് സ്റ്റംപിൽ തന്നെ: വീഡിയോ പങ്കു വെച്ച് സച്ചിൻ

സ്റ്റംപിൽ പന്ത് കൊണ്ടിട്ടും ബെയിൽസ് ഇളകാതെ രക്ഷപ്പെടുന്ന ബാറ്റ്സ്മാന്മാർ ആധുനിക കാലത്ത് അത്ര വിരളമല്ലാത്ത കാഴ്ചയാണ്. എൽഇഡി സ്റ്റമ്പുകളുടെ ഭാരമാണ് ഇത്തരത്തിൽ സംഭവിക്കുന്നതിൻ്റെ പ്രധാന കാരണം. എന്നാൽ ഇപ്പോഴിതാ എൽഇഡി സ്റ്റമ്പുകൾ അല്ലാതിരുന്നിട്ടും ബെയിൽസ് ഇളകിപ്പറന്നിട്ടും പുറത്താവാതിരുന്ന ഒരു ബാറ്റ്സ്മാൻ്റെ ഭാഗ്യമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ് ഈ വീഡിയോ പങ്കു വെച്ചത്.

ട്വിറ്ററിലൂടെയായിരുന്നു സച്ചിൻ വീഡിയോയുമായി രംഗത്തു വന്നത്. ഒരു സുഹൃത്ത് അയച്ചു തന്നതാണെന്നും നിങ്ങൾ അമ്പയറായിരുന്നെങ്കിൽ എന്ത് ചെയ്തേനെയെന്നുമുള്ള ചോദ്യത്തോടെയായിരുന്നു സച്ചിൻ്റെ ട്വീറ്റ്. ട്വീറ്റിനു പിന്നാലെ ലോകകപ്പ് ഫൈനലിലെ ഓവർത്രോ തീരുമാനത്തിൽ പിഴവു പറ്റിയ അമ്പയർ കുമാർ ധർമസേനയെ ട്രോളി ആരാധകരും രംഗത്തു വന്നു.

ബൗളറെ പ്രതിരോധിക്കാനുള്ള ബാറ്റ്സ്മാൻ്റെ ശ്രമം പരാജയപ്പെട്ട് സ്റ്റമ്പിൽ പന്ത് കൊള്ളുന്നു. എന്നാൽ അല്പമൊന്നുയർന്ന ബെയിൽ സ്റ്റമ്പിൽ തന്നെ തിരികെ വീഴുന്നു. ഓഫ് സ്റ്റമ്പിൽ ബാലൻസ് ചെയ്താണ് ബെയിലിൻ്റെ ഇരിപ്പ്. ബൗളറും ഫീൽഡർമാരും ഔട്ടിനായി അപ്പീൽ ചെയ്തു. കൂടിയാലോചിച്ച അമ്പയർമാർ നോട്ടൗട്ട് എന്നു വിധിച്ചു. ഇതാണ് വീഡിയോയിൽ കാണുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top