കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബിജെപി നേതാക്കള്‍ അമിത് ഷായുമായി വീണ്ടും ചര്‍ച്ച നടത്തിയേക്കും

കര്‍ണാടകയില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. രാവിലെ കര്‍ണാടക ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. വൈകിട്ട് 3ന് വീണ്ടും ചര്‍ച്ച നടത്താന്‍ ധാരണയായി. വിമത എംഎല്‍എമാരുടെ അയോഗ്യതാ വിഷയത്തില്‍ കര്‍ണാടക നിയമസഭാ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും.

കോണ്‍ഗ്രസ് -ജനതാദള്‍ സഖ്യ സര്‍ക്കാര്‍ വീണിട്ടും കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന് തിരശീല വീണില്ല. തിടുക്കത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള യദ്യൂരപ്പയുടെ നീക്കങ്ങളോട് ബിജെപി കേന്ദ്ര നേതൃത്വം ഇനിയും വഴങ്ങിയിട്ടില്ല. ഡല്‍ഹിയിലെത്തിയ ബിജെപി സംസ്ഥാന നേതാക്കള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ പാര്‍ട്ടി അധ്യക്ഷനെ ബോധ്യപ്പെടുത്തിയെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.

വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസ് -ജനതാദള്‍ പാര്‍ട്ടികളുടെ ആവശ്യത്തില്‍ സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിന്റെ തീരുമാനം ഇന്നുണ്ടായേക്കും. മണ്ഡലത്തിലെത്താനാവാതെയും കുടുംബാംഗങ്ങളുമായി സംസാരിക്കാനാവാതെയും മുംബൈയില്‍ തങ്ങുന്ന വിമത എംഎല്‍എമാരും നിരാശയിലാണ്. നേരത്തെ തങ്ങിയിരുന്ന പൊവ്വൈ റിണൈന്‍സെസ് ഹോട്ടലില്‍ നിന്നും ഇവരെ ലോണെവാല ആംബി വാലി ഹോട്ടലിലേക്കു മാറ്റിയിട്ടുണ്ട്. വിമത സംഘത്തിലുണ്ടായിരുന്ന യെല്ലപ്പൂര്‍ എംഎല്‍എ ശിവറാം ഹെബ്ബര്‍ ബെംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് പോയി. മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് ഹെബ്ബര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ വിമതര്‍ക്കൊപ്പമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി കാവല്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് തന്റെ വസതിയില്‍ പ്രഭാത ഭക്ഷണം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top