എന്‍ഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയില്‍ 20 പേര്‍ മലയാളികള്‍

എൻഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയിൽ 20 പേർ മലയാളികൾ. പട്ടികയിൽ മഅദ്‌നിയും തടിയന്റവിട നസീറുമുണ്ട്. ഹാഫിദ് സായിദും മസൂദ് അസറും സയിദ് സലാഹുദീനും ആദ്യ പേരുകാരാണ്. ഇവർക്കു പുറമേ സാക്കീർ നായിക്കും ഭീകരവാദികളുടെ പട്ടികയിലുണ്ട്. യുഎപിഎ നിയമ ഭേദഗതി പാസായാൽ ഇവരെ ഭീകരവാദികളായി പ്രഖ്യാപിക്കും.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ പട്ടികയിലുള്ളവരെ ഭീകരവാദികളായി പ്രഖ്യാപിക്കാനും ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും എൻഐഎയ്ക്ക് സാധിക്കും. യാത്രാവിലക്ക് അടക്കമുള്ള നിയമ വിലക്കുകളും പട്ടികയിൽ ഉൾപ്പെട്ടവരുടെ മേൽ ചുമത്തപ്പെടും.

ഭീകരവാദ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടണമെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുൻപിൽ ഹാജരായി നാൽപത്തിയഞ്ച് ദിവസം നീണ്ടു നിൽക്കുന്ന നിയമ പ്രക്രിയയിലൂടെ മാത്രമേ സാധിക്കൂ. നിയമത്തെ അനുകൂലിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമം പ്രാബല്യത്തിൽ വരാത്ത പക്ഷം അത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുൻപ് കോൺഗ്രസ് കൊണ്ടുവന്ന ടാഡ അടക്കമുള്ള ബില്ലിന്റെ പരിഷ്‌കൃത രൂപമാണ് യുഎപിഎ നിയമ ഭേദഗതി ബില്ലെന്നാണ് ബിജെപിയുടെ വാദം. യുഎൻ അംഗീകരിച്ചിട്ടുള്ള മാനദണ്ഡ പ്രകാരമാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞിരുന്നു. അമേരിക്കയിലും പാക്കിസ്ഥാനിലും ഇത്തരം മാനദണ്ഡങ്ങൾ അടങ്ങുന്ന ബില്ല് മറ്റ് പേരുകളിൽ ഉണ്ടെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top