‘എസ്എഫ്ഐ രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടന’ : എഐഎസ്എഫ്

എസ്എഫ്ഐ രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയെന്ന് എ.ഐ.എസ്.എഫ്. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. സിപിഐയിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും എഐഎസ്എഫിന്റെ വിമർശനം.
എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനമാണ് എ.ഐ.എസ്.എഫിന്റെ കണ്ണൂർ ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്. സമാധാനത്തിന്റെ ബിംബമായ തൂവെള്ള കൊടിയും പിടിച്ച് രക്തരക്ഷസിന്റെ സ്വഭാവവുമായി മുന്നോട്ട് പോവുകയാണ് എസ്.എഫ്.ഐ. ജനാധിപത്യം വാക്കുകളിൽ മാത്രമാണ്. പല കോളജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എസ്.എഫ്.ഐയുടെ സൗകര്യത്തിനനുസരിച്ചാണ്. അതിനാൽ മറ്റ് സംഘടനകൾക്ക് നോമിനേഷൻ നൽകാൻ പോലും കഴിയാറില്ല.
കണ്ണൂരിൽ എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് എസ്.എഫ്.ഐയിൽ നിന്ന് തുടർച്ചയായി അക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സി.പി.ഐ നേതൃത്വത്തിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. എസ്.എഫ്.ഐ യുടെ അക്രമങ്ങളെ ചെറുക്കാൻ നേതൃസംഘടനകളിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ ഇക്കാര്യത്തിൽ ജില്ലയിലെ പാർട്ടി നേതൃത്വം മൃദുസമീപനമാണ് കൈക്കൊണ്ടതെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here