ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ഫെറി സർവീസ് ആരംഭിച്ചു

ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ഫെറി സർവീസ് ആരംഭിച്ചു. നിത്യേന 42 സർവീസുകളായിരിക്കും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്.
ദുബായിൽ നിന്നും ഷാർജയിലേക്കും തിരിച്ചും ഇനി മുതൽ ഫെറിയിൽ യാത്ര ചെയ്യാം.
മുപ്പത്തിയഞ്ച് മിനുട്ട് ആണ് യാത്ര സമയം. 125 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് ഈ ഫെറിയിൽ ഉള്ളത് . ദുബായിക്കും ഷാർജക്കും ഇടയിലെ ഗതാഗത തിരക്ക് കുറക്കാൻ പുതിയ ഫെറി സർവീസ് കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ.സിൽവർ ക്ലാസ്സിന് 15 ഉം ഗോൾഡ് ക്ലാസ്സിന് 25 ഉം ദിർഹമാണ് യാത്രാ നിരക്ക്. ദുബായിലെ അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ഷാർജ അക്വാറിയം മറൈൻ സ്റ്റേഷനിലേക്കായിരിക്കും യാത്ര.
പുലർച്ചെ അഞ്ച് മണിക്ക് ഷാർജയിൽ നിന്നും 5.15 ന് ദുബായിൽ നിന്നും സർവീസ് തുടങ്ങും. കാലത്തും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ ഓരോ അരമണിക്കൂറിലും സർവീസ് ഉണ്ടാകും. മറ്റ് സമയങ്ങളിൽ ഒന്നര മണിക്കൂറിന്റെ ഇടവേളയുണ്ടാകും. ഷാർജ സ്റ്റേഷനിൽ ഫെറി യാത്രക്കാർക്ക് സൗജന്യ പാർക്കിങ്ങിനും സൗകര്യമുണ്ടാവും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കു ടിക്കറ്റ് ആവശ്യമില്ല എന്നും ആർ ടി എ അറിയിച്ചു.