കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിമുട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേർ മരിച്ചു. കെട്ടിട നിർമാണ കോൺട്രാക്ടർ മുഹമ്മദ് ബഷീർ ആണ് മരിച്ച മലയാളി. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കമുള്ള നാല് കൊൽക്കത്ത സ്വദേശികളും അപകടത്തിൽ മരിച്ചു

ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അപകടമുണ്ടായത്. കോയമ്പത്തൂരിനടുത്തുള്ള സൂലൂരിൽ കാറും ലോറിയും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുനവരാണ് മരിച്ചവരെല്ലാം. പട്ടാമ്പിക്കടുത്ത വല്ലപ്പുഴ സ്വദേശിയാണ് കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീർ.നാല് പേർ സംഭവ സ്ഥലത്ത് വെച്ചും ബഷീറിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്.

കെട്ടിട നിർമ്മാണ കോൺട്രാക്ടർ ആയ മുഹമ്മദ് ബഷീറിന്റെ തൊഴിലാളികളാണ് മരിച്ച കൊൽക്കത്തക്കാർ. ഇവർ രണ്ടു ദിവസം മുൻപാണ് വല്ലപ്പുഴയിൽ നിന്നും കന്യാകുമാരിയിലേക്ക് പോയത്. കന്യാകുമാരിയിൽ നിന്ന് വല്ലപ്പുഴയിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.മാലതി മണ്ഡൽ, ഹീരുലാൽ ശികാരി, മിഥുൻ പണ്ഡിറ്റ്, ഗൗരങ്ക പണ്ഡിറ്റ് എന്നിവരാണ് മരിച്ച മറ്റുള്ളവർ.

അഞ്ചു പേരുടെയും മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വല്ലപ്പുഴയിൽ നിന്ന് മുഹമ്മദ് ബഷീറിന്റെ ബന്ധുക്കൾ കോയമ്പത്തൂരിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top