എൽദോ എബ്രഹാം എംഎൽഎയുടെ പരാതി ലഭിച്ചെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

എൽദോ എബ്രഹാം എംഎൽഎയുടെ പരാതി ലഭിച്ചെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സംസാരിക്കുന്ന തെളിവുകൾ അടക്കമുള്ള പരാതിയാണ് ലഭിച്ചത്. പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. അവകാശ ലംഘനം ഉണ്ടായോ എന്ന കാര്യം നിയമസഭാ സമിതി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിപിഐ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന വിവരം പുറത്തുവന്നു.മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എംഎൽഎയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തിൽ ഒടിവോ, പൊട്ടലോ ഇല്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. മെഡിക്കൽ റിപ്പോർട്ട് പൊലീസ് കളക്ടർക്ക് കൈമാറി.
അതിനിടെ കൈ ഒടിഞ്ഞെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി എൽദോ എബ്രഹാം എംഎൽഎയും രംഗത്തെത്തി. വാർത്ത മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. കൈക്ക് പരിക്കുണ്ടെന്നാണ് താൻ പറഞ്ഞതെന്നും എൽദോ എബ്രഹാം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here