യൂറോപ്യന്‍ രാജ്യങ്ങളിലെ ഉഷ്ണതരംഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

യൂറോപ്യന്‍ രാജ്യങ്ങളിലെ ഉഷ്ണതരംഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പാരീസില്‍ ഇന്നലെ രേഖപ്പെടുത്തിയത് 42.6 ഡിഗ്രി സെല്‍ഷ്യസ് ചൂട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ദിവസങ്ങളായി കനത്ത ചൂട് അനുഭവപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗം റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ജര്‍മ്മനിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 41.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 38.1 ഡിഗ്രി സെല്‍ഷ്യസാണ് ബ്രിട്ടനിലും രേഖപ്പെടുത്തിയത്.

കനത്ത ചൂട് മൂലം റെയില്‍ പാളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ പതിയെ പോകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ രേഖപ്പെടുത്തിയ 40.7 ഡിഗ്രി സെല്‍ഷ്യസും റെക്കോര്‍ഡ് താപനിലയാണ്. യൂറോപിന് പുറത്തേക്കും ഉഷ്ണതരംഗം വ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരു ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ചൂടിനെ തുടര്‍ന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. പരമാവധി യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത ചൂട് രേഖപ്പെടുത്തിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ, ഓസ്ട്രിയ, അന്‍ഡോറ, ലക്‌സംബെര്‍ഗ്, പോളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു കടന്ന് പോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top