ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ ടീമുകളും കൂടുതൽ ഡിവിഷനുകളുമുണ്ടാവണം; ബൈച്ചുംഗ് ബൂട്ടിയ പറയുന്നു

ഇന്ത്യൻ ഫുട്ബോളിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെ എണ്ണിപ്പറഞ്ഞ് മുൻ ദേശീയ ടീം നായകനും ഇതിഹാസ താരവുമായ ബൈച്ചുംഗ് ബൂട്ടിയ. ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ ക്ലബുകളും കൂടുതൽ ഡിവിഷനുകളും ഉണ്ടാവണമെന്ന് ബൂട്ടിയ പറഞ്ഞു. പ്രമോഷനും റെലഗേഷനും ഉണ്ടായാൽ മാത്രമേ സിസ്റ്റം വളരൂ എന്നും അദ്ദേഹം പറഞ്ഞു.
“ഐഎസ്എല്ലും, ഐലീഗും തമ്മിൽ ഒരൊറ്റ ലീഗായി ലയിപ്പിക്കുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. നമുക്ക് ഇവിടെ കൂടുതൽ ടീമുകളെ വേണം. അങ്ങനെ വരുമ്പോൾ ഒന്നും, രണ്ടും, മൂന്നും ഡിവിഷൻ ലീഗുകൾ സംഘടിപ്പിക്കാനും അത് വഴി ഇന്ത്യൻ ഫുട്ബോളിൽ പ്രൊമോഷനും തരം താഴ്ത്തലും കൊണ്ട് വരാനും സാധിക്കും. വിദേശ രാജ്യങ്ങളിലൊക്കെ ഈയൊരു ഫോർമാറ്റിലാണ് ഫുട്ബോൾ ലീഗുകൾ ഉള്ളത്. ഇന്ത്യയിലും ഇതേ ഫോർമ്മാറ്റ് വരേണ്ടത് അനിവാര്യമാണ്.” ബൂട്ടിയ പറഞ്ഞുനിർത്തി.
ഐലീഗ് ടീമുകളും എഐഎഫ്എഫും തമ്മിലുള്ള തർക്കങ്ങൾ മുറുകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു അഭിപ്രായവുമായി ബൂട്ടിയ രംഗത്തെത്തിയിരിക്കുന്നത്. ഐഎസ്എല്ലിനെ ഇന്ത്യയിലെ ഒന്നാം നിര ലീഗ് ആക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഐലീഗിനെ തഴഞ്ഞ് ഐഎസ്എല്ലിനെ മാത്രമാണ് ഫെഡറേഷൻ പിന്തുണയ്ക്കുന്നതെന്നാണ് ഐലീഗ് ടീമുകളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു. ഫിഫയും ലീഗ് ലയനമാണ് നിർദ്ദേശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here