യോർക്കർ കിംഗിന്റെ കരിയറിന് വിക്കറ്റോടെ അവസാനം; കുംബ്ലെയെക്കാൾ ഒരു വിക്കറ്റ് അധികം നേടി മലിംഗ മടങ്ങി

ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തോടെയാണ് മലിംഗ കുപ്പായമഴിച്ചത്. ബംഗ്ലാദേശിൻ്റെ ആദ്യ വിക്കറ്റും അവസാന വിക്കറ്റും സ്വന്തമാക്കിയ മലിംഗ ആകെ മൂന്നു വിക്കറ്റുകൾ നേടിയാണ് അവസാന മത്സരം പൂർത്തിയാക്കിയത്.

യോർക്കർ കിംഗ് എന്ന വിശേഷണം ശരി വെക്കും വിധമായിരുന്നു മലിംഗയുടെ വിക്കറ്റുകൾ. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഉപ്പൂറ്റി തകർക്കുന്ന ഒരു യോർക്കർ ലെഗ് സ്റ്റമ്പ് പിഴുതെറിയുമ്പോൾ ഓപ്പണർ തമീം ഇക്ബാലിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒൻപതാം ഓവറിൽ വീണ്ടും മലിംഗയുടെ ഒരു ഡെഡ്‌ലി യോർക്കർ. ഇക്കുറി വീണത് സഹ ഓപ്പണർ സൗമ്യ സർക്കാർ.

ഓപ്പണർമാരെ പുറത്താക്കിയ മലിംഗയുടെ മൂന്നാം വിക്കറ്റ് മത്സരത്തിൻ്റെ 42ആം ഓവറിലായിരുന്നു. 11ആമൻ മുഷ്ഫിക്കറിനെ ഒരു സ്ലോ ബോളിലൂടെ തിസാര പെരേരയുടെ കൈകളിലെത്തിച്ച മലിംഗ മത്സരത്തിലെ മൂന്നാം വിക്കറ്റിനൊപ്പം കരിയറിലെ 338ആം വിക്കറ്റാണ് വീഴ്ത്തിയത്. ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയെക്കാൾ ഒരു വിക്കറ്റ് അധികം. ഏറ്റവുമധികം വിക്കറ്റെടുത്ത പട്ടികയിൽ ഒൻപതാമനായാണ് മലിംഗ കരിയർ അവസാനിപ്പിക്കുന്നത്.

9.4 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 38 റണ്‍സ് വഴങ്ങിയാണ് മലിംഗ തന്റെ മൂന്ന് വിക്കറ്റുകള്‍ നേടിയത്. ഏകദിനങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ടി-20കളിൽ മലിംഗ തുടരുമെന്നാണ് വിവരം. അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പ് വരെ അദ്ദേഹം കളിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top