ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; ഇരുട്ടില്‍ തപ്പി പൊലീസ്

ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്. കൊല്ലം പത്തനാപുരം കടയ്ക്കാമന്‍ സ്വദേശി സിറില്‍ സാബുവിനെയാണ് കാണാതായി നാളുകളായിട്ടും അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത്.

ഇക്കഴിഞ്ഞ 18 തീയതിയാണ് പാമ്പാടി നെഹ്‌റു കോളേജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയും പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്റെ മകനുമായ സിറില്‍ സാബുവിനെ കാണാതായത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്നും ഷെര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിറില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ഏറനാട് എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ സമയം മാതാപിതാക്കളെ ഫോണില്‍ വിളിച്ച് ആറ് മണിക്ക് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്ക് ശേഷം സിറിലിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും സാധിച്ചില്ല. നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാത്രി വൈകിയും മകന്‍ എത്താതിരുന്നതോടെയാണ് രക്ഷാകര്‍ത്താക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയത്.

പത്തനാപുരം പൊലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂര്‍ പൊലീസിന് പരാതി കൈമാറുകയും ചെയ്തു. കാണാതായി ആഴ്ചയൊന്ന് കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ യാതൊരു തുമ്പും കണ്ടത്താന്‍ പൊലീസിനായിട്ടില്ല. തൊട്ടയല്‍പക്ക ജില്ലയായ പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ് നയ്ക്ക് പിന്നാലെ മറ്റൊരു എഞ്ചിനിയര്‍ വിദ്യാര്‍ത്ഥിയെയും കൂടി കാണാതായിട്ടും പൊലീസ് കാട്ടുന്ന ഉദാസീനതയില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം, മകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് സിറിലിന്റ മാതാപിതാക്കള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top