എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി

എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിനുളളിലെ സുരക്ഷാച്ചുമതലയില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി. കോളേജിന് പുറത്ത് പൊലീസ് തുടരും. ഇന്നലെ പൊലീസിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.

അതേ സമയം, പ്രതികളായ പത്തൊന്‍പത് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സസ്പെന്‍ഡ് ചെയ്തത് ആറ് പേരെ മാത്രമായിരുന്നു. ഇത് വിമര്‍ശനത്തിനിടയായ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിന്റെ നടപടി. കോളേജിന്റെ നിസഹകരണം മൂലം പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി കൈമാറുന്നില്ലെന്നും പൊലീസ് ആരോപിച്ചിരുന്നു.

യൂണിവേഴ്സിറ്റി കോളേജില്‍ പൊലീസുകാരെ ഇറക്കി വിടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ട്വന്റിഫോര്‍ ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. പൊലീസുകാരുടെ ലാത്തി എസ്എഫ്ഐ നേതാക്കള്‍ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് വാര്‍ത്ത നല്‍കിയത്. പുതിയതായി നിയമിച്ച അഡ്ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെ എതിര്‍ത്തത്.
പൊലീസുകാരോട് ഗേറ്റിന് പുറത്തു പോകാന്‍ പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top