Advertisement

‘അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയും’: വിഎസ്‌

July 27, 2019
Google News 1 minute Read

ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദൻ. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാൻ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്ന് വിഎസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

‘നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല.
അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ല.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല.

വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.

അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണ്.’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here