കർണാടകയിൽ 14 വിമത എംഎൽഎമാരെ കൂടി സ്പീക്കർ അയോഗ്യരാക്കി

കർണാകടയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി പതിനാല് വിമത എംഎൽഎമാരെ കൂടി അയോഗ്യരാക്കി. സ്പീക്കർ രമേഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രത്യേക വാർത്താ സമ്മേളനം വിളിച്ചാണ് സ്പീക്കർ നിലപാട് അറിയിച്ചത്. കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപി നൽക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകുന്നതാണ് സ്പീക്കറുടെ നടപടി.

ആർ രാമലിംഗ റെഡ്ഡി, ആർ റോഷൻ ബെയ്ജ്, എസ് പി സോമശേഖർ, ബസവരാജ്, മുനിരത്‌ന, പ്രതാപ് ഗൗഡ പാട്ടീൽ, ശിവറാം ഹെബ്ബാർ, വി സി പാട്ടീൽ, രമേശ് ജാർക്കഹോളി, ആനന്ദ് സിംഗ്, മഹേഷ് കുമാത്തള്ളി, കെ സുധാകർ, എംടിബി നാഗരാജ്, ഉൾപ്പെടെ പതിനാല് പേരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. വിമത എംഎൽഎമാർക്കെതിരെ ലഭിച്ചിരിക്കുന്ന പരാതി ഭരണഘടനാപരമായി പരിശോധിച്ചതായി സ്പീക്കർ പറഞ്ഞു. പരാതി വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടു. ഇതിന് ശേഷമാണ് അയോഗ്യരാക്കാനുള്ള നിലപാട് സ്വീകരിച്ചതെന്നും സ്പീക്കർ പറഞ്ഞു. അയോഗ്യരാക്കിയവരിൽ പതിനൊന്ന് പേർ കോൺഗ്രസ് എംഎൽഎമാരും മൂന്ന് പേർ ജെഡിഎസ് എംഎൽഎമാരുമാണ്. നേരത്തേ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്ന് തീരുമാനമെടുത്തിരുന്നില്ല. കൂടുതൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിന് മുൻപ് സ്പീക്കറെ പുറത്താക്കാനായിരുന്നു തീരുമാനം. പുറത്താക്കുന്നതിന് മുൻപ് രാജിവെച്ചൊഴിയാൻ സ്പീക്കർ തീരുമാനിക്കുന്നതായും വിവരമുണ്ടായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More