സമരം ചെയ്തിടത്ത് യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ചു; ഗീതാ ഗോപി എംഎൽഎ പരാതി നൽകി

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി നാട്ടിക എംഎൽഎ ഗീതാ ഗോപി. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഗീതാഗോപി പ്രതിഷേധമിരുന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ചിരുന്നു. ഇതിനെതിരെയാണ് ജാതി അധിക്ഷേപം ചൂണ്ടിക്കാട്ടി ചേർപ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഗീതാ ഗോപി പറഞ്ഞു.

റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ചേർപ്പ് സിവിൽ സ്റ്റേഷന് സമീപമാണ് ഗീതാ ഗോപി എംഎൽഎ പ്രതിഷേധ സമരം നടത്തിയത്. ഇവിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചത്. ചേർപ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം സുജിത് കുമാർ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് എന്നിവരാണ് ചാണകവെള്ളം തളിക്കാൻ നേതൃത്വം നൽകിയത്.

അതേസമയം, സംഭവത്തിൽ വിമർശനവുമായി മന്ത്രി എ കെ ബാലൻ രംഗത്തെത്തി. ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങൾ കേരളത്തിലേക്കും വന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധിക്കാണ് ഇത്തരത്തിൽ അനുഭവമുണ്ടായത്. അത് പൊതുസമൂഹം വിലയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top