പത്തനംതിട്ടയിൽ വൻ കവർച്ച; ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് 4 കിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്നു; 5 പേർ പിടിയിൽ

പത്തനംതിട്ടയിൽ വൻ കവർച്ച. ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വർണവും പതിമൂന്ന്ലക്ഷം രൂപയും കവർന്നു. ജ്വല്ലറി ജീവനക്കാരനടക്കമുള്ള അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിലായി. ഒരാൾ ഓടിരക്ഷപ്പെട്ടു.
പത്തനംതിട്ട മുത്താരമ്മൻ കോവിലിന് സമീപം പ്രവർത്തിക്കുന്ന കൃഷ്ണ ജ്വല്ലേഴ്‌സിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മോഷണം നടന്നത്. ഒരാഴ്ച മുൻപ് ജ്വല്ലറിയിൽ ജോലിക്ക് എത്തിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലിന്റെ നേതൃത്ത്വത്തിലായിരുന്നു കവർച്ച. മുഖ്യപ്രതിയായ അക്ഷയ് പാട്ടീൽ നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് പൊലീസിൽ കീഴടങ്ങിയത്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവർച്ച നടത്തിയത് ആക്രമണത്തിൽ സന്തോഷിനു പരിക്കേറ്റു.
സ്വർണം ബാഗിലാക്കിയ ശേഷം അക്ഷയ് പാട്ടീലും സംഘവും ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിനു സമീപം എത്തി. തുടർന്ന് അവിടെ കാത്തു കിടന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here