‘ഏഴു വർഷമായിട്ടും എന്തുകൊണ്ട് തീർപ്പാക്കിയില്ല’; മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ വിമർശനം

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് നീണ്ടുപോകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഏഴു വർഷമായിട്ടും എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്ന് ചോദിച്ച കോടതി ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പെരുമ്പാവൂർ മജിസ്‌ട്രേട്ടിനോട് ആവശ്യപ്പെട്ടു. കോടതിയിൽ തുടർനടപടിയുമായി മുന്നോട്ടുപോകണമെന്ന് വനംവകുപ്പിനും സർക്കാരിനും നിർദേശം നൽകി. കേസ് ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

2012ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ആനക്കൊമ്പുകൾ പിടിച്ചെടുത്ത കേസ് വൈകുന്നതിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. നിലവിൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഏഴു വർഷമായിട്ടും പുരോഗതിയില്ലന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനും സർക്കാരിനും നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തീകരിച്ച് കേസ് തീർപ്പാക്കണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയോടും ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അതിന് ശേഷം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ആലുവ സ്വദേശി എ എ പൗലോസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാൽ നൽകിയ അപേക്ഷ പരിഗണിച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതി നൽകിയിരുന്നുവെന്നാണ് വനം വകുപ്പിന്റെ വാദം. ഇതിനെ വീണ്ടും ചോദ്യം ചെയ്യുന്നത് പ്രശസ്തി ലക്ഷ്യമിട്ടാണ്. സർക്കാർ വിജ്ഞാപനത്തോടെ ഇവ കൈവശം വയ്ക്കുന്നത് നിയമപരമായി ആണെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More