പത്തനംതിട്ട ജ്വല്ലറി മോഷണം; സ്വർണവുമായി കടന്നുകളഞ്ഞ പ്രതിയും പിടിയിൽ

പത്തനംതിട്ടയിലെ ജ്വല്ലറിയിൽ ഇന്നലെ നടന്ന മോഷണ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. സ്വർണവുമായി കടന്നുകളഞ്ഞ നിതിനാണ് ഒടുവിൽ പിടിയിലായത്. സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. ജ്വല്ലറി മോഷണത്തിലെ മുഖ്യ സൂത്രധാരനാണ് നിതിൻ. ജ്വല്ലറിയിലെ ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ ഉൾപ്പെടെ അഞ്ച് പേർ നേരത്തേ പിടിയിലായിരുന്നു.

സേലത്തു നിന്നും തമിഴ്‌നാട് പൊലീസാണ് നിതിനെ പിടികൂടിയത്. ജ്വല്ലറി മോഷണം ഇയാളാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കേരളത്തിലേക്ക് കൊണ്ടുവരും.

പത്തനംതിട്ട മുത്താരമ്മൻ കോവിലിന് സമീപം പ്രവർത്തിക്കുന്ന കൃഷ്ണ ജ്വല്ലേഴ്‌സിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മോഷണം നടന്നത്. നാല് കിലോ സ്വർണവും പതിമൂന്നു ലക്ഷം രൂപയുമാണ് മോഷണം പോയത്. ഒരാഴ്ച മുൻപ് ജ്വല്ലറിയിൽ ജോലിക്കെത്തിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് പൊലീസിൽ കീഴടങ്ങിയത്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവർച്ച നടത്തിയത്. ആക്രമണത്തിൽ സന്തോഷിനു പരിക്കേറ്റു.

സ്വർണം ബാഗിലാക്കിയ ശേഷം അക്ഷയ് പാട്ടീലും സംഘവും ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിനു സമീപം എത്തി. തുടർന്ന് അവിടെ കാത്തു കിടന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top