അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടു; നിർണായക വിവരങ്ങൾ പുറത്ത്

അമ്പൂരി കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം കടത്താൻ പ്രതികൾ ശ്രമിച്ചതായാണ് വിവരം. മൃതദേഹം ഡാമിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. തമിഴ്‌നാട്ടിൽ കൊണ്ടുപോയി ആളൊഴിഞ്ഞ ചതുപ്പിൽ കെട്ടി താഴ്ത്താൻ ആയിരുന്നു നീക്കമെന്നും വിവരമുണ്ട്. മൃതദേഹവുമായി ഉള്ള യാത്ര അപകടം ആകുമെന്ന് തോന്നിയതോടെ വീട്ടിൽ കുഴിച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, കേസിലെ ഒന്നാം പ്രതി അഖിലിന്റെ കുടുംബത്തിന് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കൊലപാതകം അച്ഛനും അമ്മയും അറിഞ്ഞിരുന്നോ എന്നതിനു ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. കൊലപാതക ശേഷം മക്കൾ ഇക്കാര്യം വെളിപ്പെടുത്തിയോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഒന്നാം പ്രതി അഖിലിനെ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. അഖിലിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top