ദേശീയ അവാര്‍ഡ് ജൂറി ഒരു പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ദേശീയ അവാര്‍ഡ് ജൂറി ഒരു പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. അവരാണ് ആര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ ദേശീയ പുരസ്‌കാര വിതരണം അവസാനിപ്പിക്കേണ്ട കാലംകഴിഞ്ഞെന്നും അടൂര്‍ പറഞ്ഞു. സര്‍ക്കാറിന് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് സെന്‍സര്‍ ബോര്‍ഡ്. തിരുവനന്തപുരത്ത് ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

ജയ് ശ്രീറാം’ വിളി കൊലവിളിയായി മാറിയെന്നും ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു എന്നും ആരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ‘ജയ് ശ്രീറാം’ വിളി കേള്‍ക്കേണ്ട എങ്കില്‍ പേരുമാറ്റി അടൂര്‍ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍,  ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നും അടൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top