യുവാവിനെയും യുവതിയെയും നടുറോഡില്‍ മര്‍ദിച്ച കേസ്; പ്രതി സജീവാനന്ദന് കുരുക്ക് മുറുകുന്നു

വയനാട് അമ്പലവയലില്‍ യുവാവിനെയും യുവതിയെയും നടുറോഡില്‍ മര്‍ദിച്ച കേസില്‍ പ്രതി സജീവാനന്ദന് കുരുക്ക് മുറുകുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുളള വകുപ്പുകള്‍ പൊലീസ് ചുമത്തി. കേസില്‍ പ്രദേശവാസികളായ രണ്ട് പേരെക്കൂടി പ്രതി ചേര്‍ത്തു. സജീവാനന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കല്പറ്റ ജില്ല സെഷന്‍സ് കോടതി മറ്റന്നാളത്തേക്ക് മാറ്റി.

മര്‍ദ്ദനനമേറ്റ യുവതിയുടേയും യുവാവിന്റെയും മൊഴി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സജീവാനന്ദനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്. ബലാത്സംഗം ശ്രമമുള്‍പ്പെടെ ജാമ്യം കിട്ടാന്‍ സാധ്യതയില്ലാത്ത വകുപ്പുകളാണ് സജീവാനന്ദനെതിരെ പൊലീസ് ചേര്‍ത്തത്. ഒപ്പം പ്രദേശത്തുകാരായ മറ്റ് രണ്ട് പേരെക്കൂടി കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. സജീവാനന്ദനൊപ്പം ലോഡ്ജിലെത്തി യുവതിയേയും യുവാവിനേയും ശല്യം ചെയ്ത രണ്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. യുവതി നല്‍കിയ മൊഴിയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. യുവതിയുടേയും യുവാവിന്റെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടികൂടാന്‍ അന്വേഷണസംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. സജീവാനന്ദനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയും മറ്റ് രണ്ട് പേരെക്കുടി കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തെങ്കിലും മുഖ്യപ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിന് തലവേദനയായി തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top